ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

കൊല്ലം ജില്ലയില്‍, കൊല്ലം താലൂക്കില്‍ ചിറ്റുമല ബ്ലോക്കില്‍ ഉള്‍പ്പെട്ട പനയം ഗ്രാമപഞ്ചായത്ത് ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ്. മാതൃ പഞ്ചായത്തായ പെരിനാട് വിഭജിച്ച് 2000 ഒക്ടോബര്‍ 1-ാം തീയതി പനയം ഗ്രാമപഞ്ചായത്ത് രൂപീകൃതമായി. പഞ്ചായത്ത് കാര്യാലയം കണ്ടച്ചിറ വാര്‍ഡില്‍ താന്നിക്കമുക്കില്‍ കൊല്ലം-കുണ്ടറ റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള പ്രദേശമാണ് പനയം.

പനയം എന്ന പേര് വന്നതിന് രണ്ട് തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ പഴമക്കാര്‍ പറയുന്നു. പന തിങ്ങി വളര്‍ന്നിരുന്ന സ്ഥലമായിരുന്നു. കള്ളിനുവേണ്ടി പന ചെത്തിയിരുന്നു. പന ചെത്ത് ലോപിച്ച് പനയത്ത് എന്നും അത് പിന്നീട് പനയം എന്നും ആയിതീര്‍ന്നു ഈ പ്രദേശം എന്ന് പറയുന്നവരുണ്ട്. സ്ഥലത്തിന് നാട്ടുഭാഷയില്‍ അയ്യം എന്നു പറയുമായിരുന്നു. പന നിന്നിരുന്ന അയ്യം എന്നത് കൂടിച്ചേര്‍ന്ന് പനയം ആയി എന്ന് മറ്റൊരഭിപ്രായം ഉണ്ട്.

ജന്മിത്തവും പ്രമാണിത്തവും കൊടികുത്തി വാണിരുന്ന കാലത്ത് താഴ്ന്ന സമുദായത്തിലുള്ളവരും മറ്റും ജന്മിമാരുടെയും കര പ്രമാണിമാരുടെയും അടിയാളന്മാരായിരുന്നു. ഭൂമിയുടെ നല്ലൊരു ശതമാനം മുന്നോക്ക ജാതിയിലുള്ളവരുടേതായിരുന്നു. നാലുകെട്ടുംഇടക്കെട്ടും, നിരയും, പുരയും, അറകളും ഉള്ള വീടുകള്‍ പലയിടത്തും ഇന്നും കാണാന്‍ കഴിയും. നാന്തുറു ദേശവഴിയായിരുന്നു പെരുമണ്‍ ചിറ്റയം പ്രദേശവും പെരുമണ്‍ ക്ഷേത്രവുംമണ്‍ട്രോതുരുത്ത് പഞ്ചായത്തിലുള്ള പേഴും തുരുത്തും മനയ്ക്കല്‍ ദേശത്തിന്‍റെ ഭാഗമായിരുന്നു. ഒന്നു കൊറ നാന്തുറു ദേശവഴി എന്നായിരുന്നു പറയുന്നത്. ബ്രാഹ്മണരുടെ ജന്മിത്തത്തില്‍ നായന്മാരായിരുന്നു ആശ്രിതര്‍. മനയ്ക്കലെ സ്വത്തുക്കള്‍ നോക്കി നടത്തുന്നതിന് വിചാരിപ്പുകാരുണ്ടായിരുന്നു. ഭൂപരിഷ്കരണ നിയമങ്ങള്‍ നിലവില്‍ വന്നതോടെ അകവൂര്‍ മനയ്ക്കല്‍ നമ്പൂതിരിയില്‍നിന്നും ദേശത്തെ ഭൂമിയെല്ലാം കൈവശക്കാര്‍ക്ക് കിട്ടി. ഭൂമി തിരിച്ചു നല്‍കുന്നതിനു വേണ്ടി കൈവശക്കാര്‍ക്ക് മനയ്ക്കലെ നമ്പൂതിരിക്കെതിരെ സംഘടിപ്പിച്ചതായി ചരിത്രരേഖകള്‍ സാക്ഷ്യം വഹിക്കുന്നു.

അകവൂരെ ജന്മിക്ക് പെരുമണില്‍ നിന്നും ഒരു പിടി മണ്ണ് നാം നല്‍കുകില്ല എന്ന് അക്കാലത്തെ ആളുകള്‍ പാടിയിട്ടുണ്ടെന്ന് പറയുന്നു.

പുലയര്‍, തണ്ടാര്‍, വേടര്‍, മണ്ണാന്‍, കുറവര്‍ എന്നീ സമുദായങ്ങളാണ് പനയം ഗ്രാമപഞ്ചായത്തിലെ പ്രധാന പട്ടികജാതി വിഭാഗങ്ങള്‍. പുലയ സമുദായക്കാര്‍ പരമ്പരാഗതമായി കൃഷി. കയര്‍ തുടങ്ങിയ മേഖലകളിലും ജിവനോപാധികള്‍ തേടിവരുന്നു. തണ്ടാര്‍ സമുദായത്തില്‍പ്പെട്ടവര്‍ മരം കയറ്റവും വേടര്‍, കുറവര്‍ എന്നീ സമുദായത്തില്‍പ്പെട്ടവര്‍ക്ക് കൃഷിയും അനുബന്ധ തൊഴിലുകളും ചെയ്തു പോരുന്നു. മണ്ണാര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വസ്ത്രം അലക്കുന്നതായിരുന്നു പ്രധാന തൊഴില്‍. ജലാശയങ്ങളുംകൃഷിയിടങ്ങളും നിറഞ്ഞു സമ്പന്നമായ ഈ പ്രദേശത്ത് പട്ടികജാതിക്കാര്‍ കൂട്ടമായി കുടിയേറിയതായി കരുതപ്പെടുന്നു.

ജന്മി-കുടിയാന്‍ ബന്ധം ഈ പഞ്ചായത്തില്‍ വളരെ ദൃഢവും കര്‍ശനവുമായിരുന്നു. പട്ടികജാതിക്കാര്‍ക്ക് പൊതു സ്ഥലത്തുകൂടി യാത്ര ചെയ്യുന്നതിനോ, പൊതുകുളം, കിണര്‍ എന്നിവ ഉപയോഗിക്കുന്നതിനോ ഉള്ള അവകാശം നിഷേധിച്ചിരുന്നു. ക്ഷേത്രദര്‍ശനത്തിനും, ആരാധനയ്ക്കും ഭ്രഷ്ട് കല്പിച്ചു പോന്നിരുന്നു. ജോലിക്ക് വേതനമായി കൊടുത്തിരുന്നത് പണത്തിനു പകരം കാര്‍ഷികോല്‍പ്പന്നങ്ങളായിരുന്നു. ജന്മി കാണിച്ചു കൊടുക്കുന്ന സ്ഥലത്ത് മാത്രമാണ് തലചായ്ക്കാന്‍ വീടു പണിയുന്നതിന് അനുവാദം ഉണ്ടായിരുന്നത്. ജന്മിയും അടിയാനുമായി നല്ല ബന്ധം ഉണ്ടായിരുന്നെങ്കിലും മറ്റൊരു ജന്മിക്ക് പണിയെടുത്തതായി അറിഞ്ഞാല്‍ അവര്‍ക്ക് ശിക്ഷ നല്‍കിയിരുന്നു.

ശ്രീ.അയ്യങ്കാളിശ്രീ നാരായമഗുരു, ഗോപാലദാസ്, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവര്‍, പട്ടികജാതിക്കാര്‍, അനുഭവിച്ചുകൊണ്ടിരുന്ന അടിമത്തത്തിനുംഅനാചാരങ്ങള്‍ക്കും എതിരെ രംഗത്ത് വരികയും അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ മോചനത്തിന് സന്ധിയില്ലാത്ത സമര പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് പെരിനാട് ലഹള എന്ന ചരിത്രപരമായ വിപ്ലവത്തിന് തുടക്കം കുറിച്ചത്. ശ്രീ അയ്യങ്കാളിയും, ശ്രീ ഗോപാലദാസും ഈ ഉച്ചനീചത്വത്തിന് എതിരെ പോരാടുവാന്‍ നേതൃത്വം നല്‍കിയിരുന്നു. ഈ കാലയളവില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പട്ടിക ജാതിക്കാര്‍ സംഘടിതരായി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുവാന്‍ ഗോപാലദാസിന്‍റെ നേതൃത്വത്തില്‍ യോഗസ്ഥലത്തേക്ക് പോയതായി പഴമക്കാര്‍ പറയുന്നു.

പട്ടികജാതിക്കാര്‍ക്കിടയിലെ പ്രധാനപ്പെട്ട തനത് കലാരൂപങ്ങളാണ്കോല്‍ക്കളി, സീതക്കളി, മുതലായവ. ഉത്സവദിവസങ്ങളിലും ഓണം പോലുള്ള ആഘോഷങ്ങളിലും കലാരൂപങ്ങളായ കോല്‍ക്കളി, സീതക്കളി, ഏഴാമത്തുകളി, കാക്കാരശി നാടകംതുമ്പിതുള്ളല്‍, കുഴിപ്പന്തുകളി, മുണ്ടിട്ടുകളി, തുടങ്ങിയവയില്‍ പുരുഷന്‍മാരുംസ്ത്രീകളും പങ്കെടുത്ത് ആഘോഷിക്കാറുണ്ടായിരുന്നു. വേടര്‍ സമുദായക്കാര്‍ തലമുറയായിക്കിട്ടിയ കലാരൂപമായ കോല്‍ക്കളി ഇന്നും നശിക്കാതെ കാത്തു സൂക്ഷിക്കുന്നു. പട്ടികജാതിക്കാരുടെ ഉന്നമനത്തിനു വേണ്ടി ശ്രീ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സാധുജനപരിപാലന സംഘം രൂപീകരിക്കുകയും സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

പെരിനാട് പഞ്ചായത്തിലെ ചെറുമൂട് പ്രദേശത്തേക്ക് കപ്പല്‍ ചാലുണ്ടാക്കുന്നതിന് കാഞ്ഞിരംകോട് കായലിന് കുറുകേയുള്ള വരമ്പുമുറിച്ച് ചിറകുഴിപ്പിച്ചപ്പോള്‍ 64 ദേശം ബ്രാഹ്മണര്‍ പണിയിച്ച ക്ഷേത്രമാണ് പുരാതനവും പ്രാചീനകലാ വൈദഗ്ദ്ധ്യം നിറഞ്ഞു നില്‍ക്കുന്നതുമായ പെരുമണ്‍കോയിക്കമുക്കത്തു ഭഗവതി ക്ഷേത്രം ചിറയുടെ ഭാഗമായ നെടുങ്കല്ലിന് ഏറ്റവും സമീപത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം സ്ഥാപിച്ചതും അവിടെ പൂജാദികള്‍ ഏര്‍പ്പെടുത്തിയതും പെരുമാക്കാന്‍മാരാണെന്ന് ഐതീഹ്യമുണ്ട്. പ്രസിദ്ധമായ തേരുകെട്ട് ഉത്സവമാണ് (മീന മാസത്തിലെ തിരുവാതിര നാളില്‍) പ്രധാനം. ദക്ഷിണ കേരളത്തിലെ ഏക രഥോത്സവമായ പെരുമണ്‍ തേരോട്ടം ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഉത്സവദിവസം വൈകിട്ട് തേരനക്കാവും തുടര്‍ന്ന് തേരോട്ടവും കെട്ടുകാഴ്ചയും കാണാന്‍ വലിയ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. ആണ്‍കുട്ടികളുടെ തലയില്‍ വിളക്കെടുപ്പോടെ ആരംഭിക്കുന്നു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ക്ഷേത്രമാണ് തൃപ്പനയം ദേവീക്ഷേത്രം. പുരാതന ദേവീ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമായതിനാല്‍ പനയം എന്ന പേര് ബഹുമാന സൂചകമായി തൃപ്പനയം (തിരുപനയം) എന്നു പറയുന്നു. 12 കരക്കാരുടെ വകയായ ക്ഷേത്രത്തില്‍ എടുപ്പുകുതിരക്കെട്ടുത്സവമാണ് (മീനഭരണി ഉത്സവം) പ്രധാനപ്പെട്ടത്.

ചെമ്മക്കാട്ടുള്ള സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയാണ് ആദ്യത്തെ കത്തോലിക്ക പള്ളി. പെരുമണ്‍ മുണ്ടക്കല്‍ സെന്‍റ് ജോസഫ് ദേവാലയം മറ്റോരു പ്രധാനപ്പെട്ട കത്തോലിക്ക പള്ളിയാണ്.

ചാത്തിനാകുളംകണ്ടച്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനപ്പെട്ട മുസ്ലീം പള്ളികള്‍

കൊച്ചു കൊച്ചു ക്ഷേത്രങ്ങളുംകുരശ്ശടികളും, തെയ്യക്കാവുകളും പഞ്ചായത്തിന്‍റെ പല ഭാഗങ്ങളിലും കാണാവുന്നതാണ്.

സാമൂഹ്യ പരിഷ്കര്‍ത്താക്കളായ ശ്രീ ചട്ടമ്പിസ്വാമികളുടെയും, ശ്രീ നാരായണ ഗുരുവിന്‍റെയുംശ്രീ അയ്യങ്കാളിയുടെയും മഹത്വങ്ങളും ആദര്‍ഷങ്ങളും നാടിന്‍റെ സാംസ്കാരിക ഉന്നമനത്തിന് വിലപ്പെട്ട സംഭാവനകളായിരുന്നു. മതപരമായ പഴയ സമുദായിക ആചാരങ്ങള്‍ പലതും അനാചാരങ്ങള്‍ എന്ന നിലയില്‍ കാലഹരണപ്പെട്ടുപോയി. ഭൗതികവാദപരമായ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ക്കും പുരോഗമനാശയങ്ങള്‍ക്കും പ്രചുര പ്രചാരണമുണ്ടെങ്കിലും രാഹുകാലംമുഹൂര്‍ത്തം, ജാതകം തുടങ്ങിയവയില്‍ ജാതിമത ഭേദമന്യേ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ജനവിഭാഗം.

1950 കാലഘട്ടത്തിലാണ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, കൈത്തറി, രംഗങ്ങളില്‍ നിന്നുമാണ് സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്. കൂലി കൂടുതലിന് വേണ്ടി കണ്ടച്ചിറ മേഖലയിലും പെരിനാട് പഞ്ചായത്തിലെ വെള്ളിമണ്‍, ചെറുമൂട് മേഖലകളിലും നടന്ന കയര്‍ സമരം തൊഴിലാളി പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഒരു നാഴികകല്ലാണ്. നൂറിലധികം ദിവസങ്ങള്‍ നീണ്ടുനിന്ന വെള്ളിമണ്‍, ചെറുമൂട് പ്രദേശങ്ങളിലെ കയര്‍ സമരത്തെ കയര്‍ മുതലാളിമാരും തൊഴിലാളികളുടെ വര്‍ഗ്ഗ ബോധത്തെ തകര്‍ക്കണമെന്ന ആശയഗതിക്കാരും അവരുടെ ശക്തിയേയും പോലീസിനെയും ഉപയോഗിച്ച് അടിച്ചമര്‍ത്തിയിരുന്നു. പുലിക്കുഴി കായല്‍വാരത്ത് വമ്പിച്ച ലാത്തിചാര്‍ജ്ജ് നടന്നു. തുടര്‍ന്ന് പ്രദേശത്തിന്‍റെ പെരുമണ്‍ ഉള്‍പ്പടെയുള്ള വിവിധ നേഖലകളില്‍ സമരം വ്യാപിച്ചു. ഈ തൊഴില്‍ സമരമാണ് സംഘടിപ്പിക്കുവാനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുവാനുള്ള വര്‍ഗ്ഗബോധം കൈവരിക്കാനും ഉതകിയത്. കൂലി കൂടുതലും മിനിമം വേജസ്സിനും ബോണസ്സിനും വേണ്ടി കയര്‍ തൊഴിലാളികള്‍ വിവിധ മേഖലകളില്‍ സമരങ്ങള്‍ സംഘടിപ്പിച്ചു.

പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായമാണ് കയര്‍. കേരളത്തിലെ കയര്‍ വ്യവസായത്തിന് പനയം ഗ്രാമപഞ്ചായത്ത് പുകള്‍പ്പെറ്റതാണ്. മങ്ങാടന്‍, അഷ്ടമുടി എന്നീ പേരുകളില്‍ വിദേശരാജ്യങ്ങളില്‍ വരെ അറിയപ്പെടുന്ന കയറുംകയറുല്‍പ്പന്നങ്ങളും മനുക്കുണ്ട്. നാടന്‍ ഭാഷയില്‍ കൈത്തേപ്പെന്നുപറയുന്ന രീതിയിലായിരുന്നു ആദ്യകാലങ്ങളില്‍ കയര്‍ നിര്‍മ്മിച്ചിരുന്നത്. കയര്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി കയര്‍ സഹകരണ സംഘങ്ങള്‍ സ്ഥാപിച്ചു. കണ്ടച്ചിറ മേഖല ജില്ലയിലെ തന്നെ കയര്‍ വ്യവസായത്തിലെ പ്രധാനപ്പെട്ട ഒരു കേന്ദ്ര

ഓട് വ്യവസായ രംഗത്ത് ചിറ്റയം റോയല്‍ ടൈല്‍ ഫാക്ടറിയാണുള്ളത്.

70കളുടെ ആദ്യപാദത്തില്‍ അച്യുതമേനോന്‍ ഗവണ്‍മെന്‍റിന്‍റെ കാലത്ത് അന്നത്തെ സോവിയറ്റ് യൂണിയന്‍റെ സാങ്കേതിക സാമമ്പത്തിക സഹായത്തോടെ പെരുമണില്‍ ڇപെരുമണ്‍ റിഫ്രാക്ടറീസ്ڈ എന്ന പരില്‍ ഒരു ഫാക്ടറി സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പ്രരംഭപ്രവര്‍ത്തനങ്ങള്‍ നടന്നു. തുടര്‍ന്ന് നിലവില്‍ വന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഫാക്ടറിക്കായി 36ഏക്കറില്‍പരം സ്ഥലം വിലയ്ക്ക് വാങ്ങി ഇതില്‍ 25 ഏക്കറില്‍പരം സ്ഥലം പെരുമണ്‍ സഹകരണ എഞ്ചിനീയറിംഗ് കോളേജിനായി സര്‍ക്കാര്‍ വിട്ടുകൊടുത്തു. ബാക്കിയുള്ള 11 ഏക്കറില്‍ 5 ഏക്കര്‍ സ്ഥലത്ത് സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള കയര്‍ ടെക്നോപാര്‍ക്ക് പ്രവര്‍ത്തിക്കുന്നു.