ഒറ്റ നോട്ടത്തില്‍
കൊല്ലം ജില്ലയില്‍ കൊല്ലം താലൂക്കില്‍ ചിറ്റുമല ബ്ളോക്കിലാണ് പനയം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പനയം വില്ലേജുപരിധിയിലുള്‍പ്പെടുന്ന പഞ്ചായത്താണ് പനയം ഗ്രാമപഞ്ചായത്ത്. വടക്കുഭാഗത്ത് പേരയം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തൃക്കരുവ പഞ്ചായത്തും, കിഴക്കുഭാഗത്ത് പെരിനാട് പഞ്ചായത്തും, തെക്കുഭാഗത്ത് കോർപ്പറേഷനുമാണ് പനയം ഗ്രാമപഞ്ചായത്തിന്റെ അതിരുകള്‍. പെരിനാട് പഞ്ചായത്തിനെ വിഭജിച്ചുകൊണ്ട്, 2000-ത്തിലാണ് പനയം ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. സമുദ്രനിരപ്പില്‍ നിന്നും ശരാശരി 23 മീറ്റര്‍ ഉയരത്തിലാണ് ഇവിടുത്തെ ഭൂപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് ഈ പ്രദേശം ദേശിങ്ങനാട് നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. പുരാതന മലയാളരേഖകളില്‍ ചേന്നങ്ങനാട് എന്നും, സംസ്കൃതരേഖകളില്‍ ജയസിംഹനാട് എന്നും ദേശിങ്ങനാടിനെ പരാമര്‍ശിച്ചിരിക്കുന്നതായി കാണാം. കൃഷിയും അനുബന്ധതൊഴിലുകളുമാണ് ഇവിടുത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗ്ഗം. കായല്‍ മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയവരും ഇവിടെയുണ്ട്. കാര്‍ഷികവിളകളില്‍ തെങ്ങ്, നെല്ല്, കശുവണ്ടി, കുരുമുളക്, ഏത്തവാഴ, എന്നിവ ഉള്‍പ്പെടുന്നു. ചെറുകിടവ്യവസായങ്ങളായ കയറ്, കശുവണ്ടി, ഇഷ്ടിക, ഓട്, തീപ്പെട്ടി, കൊപ്രസംസ്കരണം തുടങ്ങിയവയാണ് വ്യവസായരംഗത്തെ പ്രമുഖസംരംഭങ്ങള്‍. മനോഹരമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ് പനയം ഗ്രാമപഞ്ചായത്ത്